അക്ഷരങ്ങൾ പുഴയിൽ കളിച്ചു. ചിലവ നിറങ്ങഴിച്ചുവെച്ച് കുളിച്ചു. പരൽമീനുകൾ വാക്കുറങ്ങുന്ന പൊത്തുകൾ തേടി മുങ്ങാംകുഴിയിട്ടു. മീനുകൾ അക്ഷരങ്ങളെ പിന്തുടർന്നുതൊട്ടു. അവരൊന്നിച്ചു ചിരിച്ചു. ചിരി പൂത്തുമലർന്നു പുഴ നിറഞ്ഞു.

“ങും … എഴുത്…” അച്ഛൻസ്വരം.

കുട്ടിയുടെ കാഴ്ച മുറിഞ്ഞു.വിളറിയ കടലാസ്സായിരുന്നു അവളുടെ മുന്നിൽ. അവിടവിടെയായി വീണത് ചടച്ച അക്ഷരങ്ങൾ.

“ങും … എഴുത്…” അച്ഛൻസ്വരം.

മുകളിൽ ആകാശം ഇരുണ്ടു കയറി. കുട്ടിയുടെ അക്ഷരമാല പുഴയിലേക്ക് ഇടറിവീണു. അത് കണ്ണാടിയിലെന്ന പോലെ പ്രതിഫലിച്ചു. കാൽ കഴച്ചു അവ നിലത്തുവീണു. അക്ഷരങ്ങളെ നേരെ നിർത്താൻ അവൾക്കൊട്ടും കഴിഞ്ഞില്ല.

“കൈ നീട്ട് .. ” അച്ഛൻസ്വരം. ദൂരെയിരുന്ന് ഒരുണ്ണിസൂര്യൻ അച്ഛന്റെ നീണ്ട മുടിയിഴകളിലൂടെ കുട്ടിയെ എത്തിനോക്കി. പിന്നെ, വേഗം മേഘങ്ങളിലൊളിച്ചു കടലിലേക്കിറങ്ങിപ്പോയി.

ചൂരൽ രണ്ടുവട്ടം ഉയർന്നു.

കുട്ടിയുടെ അക്ഷരങ്ങൾ പുഴയ്ക്കടിയിലെ പൊത്തുകളിൽ മുഖം പൂഴ്ത്തിവിറച്ചു. കുട്ടി ചെമ്പകമരത്തിനടിയിൽ വീണ പൂവുകൾക്കൊപ്പം വാടിക്കിടന്നു.

ഉണ്ടതും ഉറങ്ങാൻ കിടന്നതും ഏങ്ങലടിച്ചതും കുട്ടിയറിഞ്ഞില്ല.അമ്മയുടെ കമ്പിളിപ്പുതപ്പിനടിയിൽ ചൂടുപറ്റി അവൾ മഴ വരുന്നത് കേട്ടു.

മഴ പെയ്തു. മിന്നലുകൾ ചൂരലായി പുറകെ വന്നു. മഴക്കുഞ്ഞുങ്ങൾ ഒളിക്കാൻ ഇടമില്ലാതെ കുഞ്ഞിന്റെ മുറ്റത്തു വീണുകരഞ്ഞു.

പിന്നെ… മണ്ണുറങ്ങി..   മഴയുറങ്ങി..

നനവാറ്റിയാറ്റി കാറ്റുമുറങ്ങിപ്പോയി.

അച്ഛന്റെ നെഞ്ചിൽ നിന്നാണ് മഞ്ഞവെയിലിലേക്ക് കുട്ടി തലയുയർത്തിയത്.നെറുകയിൽ ചുംബിച്ചു അച്ഛൻ ചോദിച്ചു “നൊന്തുവോ ..?”

അച്ഛൻകണ്ണിലേക്കു മഴ ഇരച്ചുവന്നു. കണ്ണിന്റെ പുഴയിലൂടെ അക്ഷരങ്ങൾ തുള്ളിത്തുള്ളി നീന്തിപ്പോയി. അച്ഛൻ മെല്ലെ ചിരിച്ചു. കുട്ടി ഉറക്കെയും. പരൽമീൻകുഞ്ഞുങ്ങളും തലകുത്തിനീന്തുന്ന വാക്കുകളും കണ്ണുപൊത്തിക്കളി തുടർന്നു.

വർഷങ്ങൾക്കിപ്പുറം, മഴയുണങ്ങാത്ത വാക്കുകൾ മാത്രം കൈമുതലായ ഞാൻ ആ കളി വീണ്ടും കണ്ടു. ഇന്നെന്റെ കൊച്ചുപെൺകുട്ടി അക്ഷരമെഴുതാൻ തുടങ്ങി…

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s